Monday, 2 July 2018

മടക്കം .

മുറ്റത്തും പൂമുഖത്തും
വെറുതെ കറങ്ങി
നടന്ന്‌ തിരിച്ചു പോകുന്ന
ഒരാളെപ്പോലെ ,
അകത്ത് കടന്നിരുന്ന്
മനസ്സ് പങ്കു വെച്ച ഒരാള്‍ക്ക് ഇറങ്ങിപ്പോവാനാവില്ല.
വഴിമുടക്കിക്കൊണ്ട്
ഓര്‍മ്മയുടെ
ഒരു കാട് മുളച്ചു വരും .
ഒന്നിച്ചു കണ്ട
സ്വപ്നങ്ങളുടെ
പൂക്കാലത്തിനകത്ത്
കുരുങ്ങിപ്പോകും
സുഗന്ധം ഒരു വലയായ്
വന്നു പൊതിയും .
കുന്നോളം കൂട്ടിവെച്ച
മോഹങ്ങള്‍
ഒരു കടലായ് വന്നു
കണ്ണീരിലാഴ്ത്തും .
പറഞ്ഞ വാക്കുകളൊക്കെ
വഴിയില്‍ മുള്ളുകളായ്
കിളിര്‍ത്തുവരും .
അരുതെന്നൊരു നോക്കിനായ് ,
ഒരു പിന്‍ വിളിക്കായ്
തിരിഞ്ഞു നോക്കവേ,
വാതിലടഞ്ഞു കഴിഞ്ഞിരിക്കും .
ഓര്‍മ്മകള്‍ കത്തുന്ന കാട്ടില്‍ ,
പാദങ്ങളില്‍
തറഞ്ഞ മുള്ളുകള്‍ ,
ചോരയില്‍ നീറി
പിന്നെയൊരു യാത്രയാണ് .

No comments:

Post a Comment