Monday, 2 July 2018

കടലുണ്ടാവുന്നത്


ആകാശമാണു നീ
അതിരുകളില്ലാത്ത
സ്നേഹം പോലെ,
സ്വപ്നങ്ങള്‍ വെള്ള
മേഘങ്ങളായലയുന്ന
മോഹങ്ങള്‍
നക്ഷത്രങ്ങളായ് പൂക്കുന്ന ,
നിലാവിന്‍ കുളിരു പകരുന്ന
അനന്തതയുടെ ആകാശം .
ആരേയോ തിരയുമ്പോഴാണ്
നീ അസ്വസ്ഥയാകുന്നത് .
കാണാതാവുമ്പോഴാണ്
കാറ്റായ് നീ ആഞ്ഞു വീശുന്നത് ,
നൊമ്പരങ്ങളില്‍ നിന്നാണ് ,
കാര്‍മേഘങ്ങളുരുണ്ടു കൂടുന്നത് .
ദിക്കുകള്‍ ഞെട്ടും വിധം
കൊള്ളിയാന്‍ മിന്നുന്നത് .
പിന്നെ ആര്‍ത്തലച്ചൊരു
പെയ്ത്താണ് .
എല്ലാം തച്ചുതകര്‍ത്ത്
അലറി വിളിച്ചൊരൊഴുക്കാണ്.
അങ്ങനെയാണ്
കടലുണ്ടായത് ,
എപ്പോഴും അലയുന്ന
തിരകളുണ്ടായത് ,
അലറുന്ന
തിരമാലകളുണ്ടായത് .

ഗോപിനാഥ്കെ

No comments:

Post a Comment