Monday, 2 July 2018

വരള്‍ച്ച .

വഴി തെറ്റി വന്നതാവണം ,
വസന്തം പോലും
മറന്നു പോയ
മരച്ചില്ലയിലാ കിളി.

തെളി നീരു തിരയുന്ന,
വേരുകള്‍ ,

വരണ്ട മണ്ണില്‍ ചലനമറ്റു .

പച്ചിലകള്‍ നിറം കെട്ടു
കൊഴിഞ്ഞു വീണെത്രയോ , 

പൂവിരിഞ്ഞിട്ടെത്രയോ നാളുകള്‍ , കുളിരുമായെത്തുന്ന ,
തെന്നലില്ലാതെ ,
ചുട്ടു പൊള്ളുന്നൊരു തീ കാറ്റിലേകയായ് ,
ഉണങ്ങും ചില്ലയില്‍
ചേക്കേറാനൊരു
കിളിപോലും വന്നെത്തി നോക്കാതെയായ് .

വഴി തെറ്റി വന്നതാവണം
ആ കിളി.
തണലു പോലുമില്ലാത്ത
ചില്ലയില്‍ ഏറെ നേരം
വെറുതെയിരുന്നു .

അഗ്നിയെരിയുന്ന
വേനല്‍ കനലില്‍
വെന്തു നിന്നാളിയേറെ നേരം . അഭയമില്ലെന്നറിഞ്ഞാവണം ,
കിളി ദൂരേക്ക് മെല്ലേ
ചിറകു വിരിച്ചു.

സങ്കടങ്ങളുള്ളിലൊതുക്കി ,
ഇലകള്‍ നിറഞ്ഞും ,
പൂക്കള്‍ വിരിഞ്ഞും
പൂമണം പരന്നും ,
പിന്നിട്ടൊരു കാലം ,
ഓര്‍മ്മയില്‍ കരുതി , ഉണങ്ങാനൊരുങ്ങി
നിന്നൂ മരച്ചില്ല.

ഗോപിനാഥ്കെ

No comments:

Post a Comment