Saturday, 25 November 2017

കാവലിരിക്കുക .

നിലാവുറങ്ങി .
നിഴലുറങ്ങിപുഴയുറങ്ങി .

മഴയുറങ്ങി.

പൂമരച്ചില്ലയില്‍ കാറ്റുറങ്ങി .
ഇരുളിന്‍െറ മാറില്‍
രാത്രിയുറങ്ങി .
സ്വപ്നങ്ങള്‍ പുതച്ച്
നീയുമുറങ്ങി .

ആയുധം രാകി മിനുക്കുന്നു,ഇരുണ്ട രാത്രിയിൽ ഉന്മാദ ഭക്തി

വഴി പിഴച്ചിഴയുന്നു  മതങ്ങള്‍ .

പശുവിന് ചുറ്റും മനുഷ്യക്കുരുതി .

കെട്ട കാലത്തിൻെറ കുളമ്പടിയൊച്ചകൾ 

മരണം മണക്കുന്ന രാത്രി 

നീയുറങ്ങുക.

ഞാനുറങ്ങാതിരിക്കാം

ഇനിയൊരാളിന്‍െറ നിദ്രക്ക് ,
മറ്റേയാള്‍ കാവലിരിക്കണം 

മിഴിയിമ പൂട്ടാതെ .

             

Tuesday, 14 November 2017

കൊല്ലാം ,പക്ഷേ തോല്‍ക്കില്ല.

അവരെന്നെ വെടി വെച്ചു
കൊന്നു കളഞ്ഞതാണ് .
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു .
അതുകൊണ്ട് ,
അവര്‍ എന്‍െറ ഓര്‍മ്മകളെപ്പോലും
ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നു .
എന്നെ മാത്രമല്ല,
അവരൊരുപാടു പേരെ കൊന്നൊടുക്കി.
അവരെല്ലാം ജീവിച്ചിരിപ്പുണ്ട് ,
ആയിരങ്ങളായി ,ലക്ഷങ്ങളായി ,
കോടികളായി.

Monday, 13 November 2017

ഓര്‍മ്മ .

ഇപ്പോഴും മരം പെയ്യുന്നുണ്ട് ,
നനഞ്ഞ പൂക്കളില്‍ ,
അടരാൻ കാത്തു 

നില്‍ക്കുന്ന

മഴ
മുത്തുകള്‍
പതുക്കെ
ഒരു കാറ്റു വീശി
ഓര്‍മ്മകളിലേക്ക് ,
ഒന്നും
കാണാനാവുന്നില്ല
മഞ്ഞു ധൂളികള്‍ മായ്ക്കുന്ന
കാഴ്ചകള്‍ പോലെ
അവ്യക്തം
ഓര്‍മ്മകളും മാഞ്ഞുവോ .

Friday, 8 September 2017

നിങ്ങളറിയരുത് , അറിയാന്‍ താല്പര്യപ്പെടരുത്.

ഗാന്ധി അപ്രസക്തനാവുകയും ഗോഡ്സേ പൂജിതനാവുകയും
ചെയ്യുന്ന ഒരു കെട്ട കാലത്തെ നിങ്ങള്‍ തിരിച്ചറിയരുത്,
അറിയാന്‍ താല്പര്യപ്പെടരുത്.

പന്‍സാരയേയും  ധാബോല്‍ക്കറേയും കല്‍ബുര്‍ഗിയേയും , അവര്‍ കൊലചെയ്തത് എന്തിനെന്ന് നിങ്ങളറിയരുത് ,അതറിയാന്‍ താല്‍പ്പര്യപ്പെടരുത്.നിങ്ങളിപ്പോഴും ജീവിക്കുന്നുണ്ടല്ലോ


ഭൂമിദേവി ,ഭാരത മാത, ഗംഗാദേവി സ്ത്രീ  ആദരിക്കപ്പെടുന്നുവെന്നല്ല ,നഃസ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി എന്നതിന് മറയാണ് എന്ന് നിങ്ങളറിയരുത്. ഗൗരി ലങ്കേഷ് ഒരു സ്ത്രീയായിരുന്നു വെടിവെച്ചു കൊല്ലാതിരിക്കാന്‍ അതൊരു പരിഗണന പോലുമായില്ലല്ലോ എന്നറിയാന്‍ നിങ്ങള്‍,തൊല്‍പ്പര്യപ്പെടരുത് .ഗൗരി ലങ്കേഷ് നിങ്ങളായിരുന്നില്ലല്ലോ

 സംഘപരിവാര സേനാ ഗുണ്ടകള്‍ അടിച്ചു കൊന്ന ,കെട്ടിത്തൂക്കി കൊന്ന മനുഷ്യരുടെ ദയനീയ മുഖങ്ങളൊന്നും നിങ്ങളെ അലോസരപ്പെടുത്തരുത്,

കൊലചെയ്യപ്പെട്ടവരില്‍ നിങ്ങളില്ലല്ലോ .

ഗോമാതാവിന്‍െറ പേരില്‍ ഗോരക്ഷാ തെമ്മാടിക്കൂട്ടങ്ങള്‍, അച്ഛനേയും സഹോദരങ്ങളേയും കെട്ടിയിട്ട്  പതിനഞ്ചും പതിനാറും വസ്സായ പെണ്‍കുട്ടികളെ നിരന്തരം ബലാല്‍ സംഗം ചെയ്ത്  അവശരായ പെണ്‍കുട്ടികള്‍ വെള്ളത്തിനു കേണപ്പോള്‍ വായിലേക്ക്  ഒഴിച്ചു കൊടുത്ത മൂത്രം കുടിക്കേണ്ട ഗതികേടിനിരയായ പെണ്‍കുട്ടികളില്‍ നിങ്ങളില്ലായിരുന്നല്ലോ ?

പിളര്‍ന്ന വയറില്‍ നിന്ന് ശൂലത്തില്‍ കോര്‍ത്തെടുത്ത ഒരു ഭ്രൂണം നിങ്ങളെ സ്വപ്നത്തില്‍ പോലും വേട്ടയാടരുത് .
വയര്‍ പിളര്‍ക്കപ്പെട്ട സ്ത്രീയോ ആ ഭ്രൂണമോ നിങ്ങളായിരുന്നില്ലല്ലോ

രാജ്യത്തിന്‍െറ തെരുവോരങ്ങളില്‍ സംഘപരിവാര സേന ക്രമിനലുകളായി ഉന്മാദികളെപ്പോലെ ആയുധങ്ങളുമായി ഹിന്ദുത്വയുടെ പേരില്‍ മനുഷ്യരുടെ തല കൊയ്തെടുക്കുമ്പോള്‍ നിങ്ങളറിയരുത്,
ഹിന്ദത്വ എന്നത് ഹിന്ദുവല്ലെന്നും  സംഘപരിവാരങ്ങളുടെ മറുപേരാണെന്നും അറിയാന്‍ താല്‍പ്പര്യപ്പെടരുത് .
കപടമായ ആചാരാനുഷ്ടാനങ്ങളിലും ആള്‍ ദൈവത്തിലും ആകൃഷ്ടരായ നിങ്ങള്‍ക്കതറിയല്ല.

പ്രണയം കുറ്റകരമാക്കുകയും അവര്‍ ശിക്ഷ വിധിക്കുകയും ചെയ്യുന്ന ഒരു കാലത്ത് പ്രണയമെന്നല്ല ഒന്നും പൊട്ടിമുളക്കാത്ത മരുഭൂമിയായിത്തീര്‍ന്ന നിങ്ങളുടെ മനസ്സിലെന്ത് പ്രണയം. 

അയല്‍വാസിയുടെ പ്രാണന്‍ അവരുടെ,കത്തി മുനയില്‍ പിടയുമ്പോള്‍  ഉയരുന്ന ആര്‍ത്തനാദം കേട്ട് നിങ്ങള്‍ ഞെട്ടരുത് ,അത് നിങ്ങളുടെ നിലവിളിയല്ല ,
അവസാനം അവര്‍ നിങ്ങളെത്തേടിയെത്തുമ്പോഴും നിങ്ങള്‍ ഭയപ്പെടില്ല ,
വിനീതനാവാനും ,വിധേയയാവാനും നിങ്ങള്‍ക്കറിയുമല്ലോ .
മുട്ടിലിഴയാനും ,മാപ്പിരക്കാനും ,കാലുനക്കാനും നിങ്ങള്‍ക്ക് മടിയില്ലല്ലോ .
അതുകൊണ്ട്  നിങ്ങളുറങ്ങുക,വെറും  ഒരു ശവത്തെപ്പോലെ .


Sunday, 19 March 2017

സൗഹൃദം

സൗഹൃദം അത് ഒരു പൂ വിരിയുന്നത്രസ്വാഭാവീകമാണ്.

തളിർത്ത് പൂത്ത് കായ്ച് നിൽക്കാൻ,വേഗമാർന്ന ജീവിതത്തിൻെറനെട്ടോട്ടത്തിൽ അതിനാവുന്നില്ല.മാത്രമല്ല,അത് യാന്ത്രികമായിത്തീരുന്നുമുണ്ട് .എന്നാൽ അത് തീരെ മാഞ്ഞു പോകുന്നില്ല.സ്ത്രീ പുരുഷ ബന്ധം കുറേക്കൂടി സങ്കീർണ്ണമാണ്.അത് കാമം മാത്രമാണെന്ന് ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞു.ഒന്നിച്ചിരിക്കുന്ന ആണിനേയും പെണ്ണിനേയും അടിച്ചോടിക്കാൻ സദാചാര വാദികൾ ചൂരലും ചുഴറ്റി ഇറങ്ങിക്കഴിഞ്ഞു.സ്ത്രീയെ അടിമകളാക്കി പുരുഷൻെറ  കാൽക്കീഴിലാക്കി ,പരസ്യങ്ങളിലെനഗ്ന ചിത്രങ്ങളാക്കി,ലൈംഗീക ഉപകരണമാക്കി പിൻതുടരുന്ന കാഴ്ചപ്പാടിൻെറ പുരുഷാധിപത്യത്തിൻെറ സൃഷ്ടികളാണ് ഇന്ന് ചുരമാന്തി കാമവെറി പൂണ്ട കാളക്കൂറ്റന്മാരെപ്പോലെ   സാരി ചുറ്റിയ കമ്പിൽ പോലും  തൻെറ ഉദ്ദരിച്ച ലിംഗവുമായി വലിഞ്ഞു കേറി അത് പൂർത്തീകരിച്ച് വിജയശ്രീ ലാളിതനായി പുരുഷ വംശത്തെയാകെ അപമാനിതരാക്കുന്നത്.

അച്ഛനെന്ന കടലോളം സ്നേഹത്തിൽ വിഷം കലർത്തുന്നത് .ലൈംഗീകം എന്നു കേട്ടാൽ പോലും ഭയപ്പെടുന്ന സദാചാര വാദികൾ ലൈംഗീക വിദ്യാഭ്യാസമെന്നു കേട്ടാലേ ഹാലിളകും .ലൈംഗീകമെന്നാൽ അതെന്താണെന്നും അതെന്തിനാണെന്നും,സ്ത്രീയെന്താണെന്നും ,പുരുഷനെന്താണെന്നും അറിയുന്ന ഒരു തലമുറയിൽ നിന്നല്ലാതെ ,വിവേചനമില്ലാത്ത സ്ത്രീയും പുരുഷനും തുല്യരാവുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിൽ നിന്നല്ലാതെ ആരോഗ്യകരമായ ഒരു സ്ത്രീ പുരുഷ ബന്ധം സാദ്ധ്യമാവുകയില്ല. .ചൂഷണ രഹിതമായ വ്യവസ്ഥക്കു വേണ്ടിയുള്ള തുല്യതക്കുവേണ്ടിയുള്ള സ്ത്രീയും പുരുഷനും അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉയർന്നു വരേണ്ട പോരാട്ടങ്ങളാണ് സമത്വ പൂർണമായ ഒരു വ്യവസ്ഥക്കു വേണ്ടിയുള്ള മുന്നുപാധി.