Friday, 23 March 2018

ചിലതങ്ങനെയാണ് .

ചില തെരഞ്ഞെടുപ്പുകൾ ബുദ്ധിപൂർവമായില്ലെന്ന് തൊട്ടടുത്ത നിമിഷം തന്നെ മനസ്സിലായേക്കും.  യുക്തിയെയും ബുദ്ധിയെയും  അഭിമാനത്തെത്തന്നെയും പുറംകൈകൊണ്ട് മാറ്റി നിർത്തേണ്ടി വരും. ചില ബന്ധങ്ങൾ, സൗഹൃദങ്ങൾ, വിശ്വാസങ്ങൾ അങ്ങനെയൊക്കെയാണ്. എത്ര മുറിവു പറ്റിയാലും  ചോര തുടച്ചെറിഞ്ഞ് മുടന്തി മുടന്തി വീണ്ടും ഒപ്പമെത്താൻ നോക്കും,സകല പരിഹാസച്ചിരികളെയും തളർന്നൊരു മറുചിരിയിൽ താഴ്ത്തും, കളി നിയമങ്ങൾ അറിഞ്ഞാലും വീണ്ടും വീണ്ടും തോല്പിക്കപ്പെടാൻ നിന്നു കൊടുക്കും. അങ്ങനെയൊക്കെയാണ് ചിലർ സ്നേഹിക്കുക . അവർ ആജന്മവിഡ്ഢികളായതുകൊണ്ടല്ല, ഒരിക്കലുമല്ല .

Saturday, 17 March 2018

അകല്‍ച്ച.

അസ്തമിച്ചാലും
സൂര്യന്‍ തിരിച്ചുവരും .

രാത്രി കഴിഞ്ഞാലൊരു
പകല്‍ .

പക്ഷേ,
തിരിച്ചു വരാത്തൊരു
യാത്രയുണ്ട് ,
അതിനോളം പോരില്ല
ഒരു യാത്രയും .

ദൂരം നിശ്ചയിക്കാനാകാത്തത്ര
അകലെ .
അത്രത്തോളം വരില്ല ,
ഒരകല്‍ച്ചയും .

ഒന്നു കാണാനാവാതെ ഒന്നു മിണ്ടാനാവാതെ ,
രൂപം പോലു മില്ലാതെ ,
എന്നേക്കുമായി
തിരിച്ചുവരാതെ ,
മാഞ്ഞു പോവുക.

അങ്ങനെ ഒരു മാഞ്ഞു
പോവല്‍ വേറെയുണ്ടാവില്ല .

അതുകൊണ്ട്
ഏതകല്‍ച്ചയും സഹിക്കാനാവും
സഹിക്കാനാവണം.

Tuesday, 13 March 2018

രണ്ടു വഴികള്‍ .

നാം രണ്ടു വഴികള്‍ ,
സമാന്തരങ്ങള്‍ .
രാത്രി പോല്‍ ,
പകലു പോല്‍
പരസ്പരം തേടുന്നവര്‍ .
ഒരിക്കലും കണ്ടു
മുട്ടാത്തവര്‍ ,
അകലാനുമാവാത്തവര്‍

ഗോപിനാഥ്  കെ .