Sunday, 15 October 2023

പലസ്തീന്‍ .

പലസ്തീന്‍ 
ചോര കിനിയുന്നൊരിടം 
അനാഥമാക്കപ്പെട്ടവരുടെ 
നാട് .
സ്വന്തം മണ്ണില്‍ 
കുടിയിറക്കപ്പെട്ടവരുടെ 
പ്രതീക്ഷയുടെ 
പേര് .
മരിച്ചു വീഴുമെന്നുറപ്പായിട്ടും 
പൊരുതി നില്‍ക്കുന്നവരുടെ 
മണ്ണ് .
ജീവനില്‍ തുളച്ചു കയറുന്ന 
വെടിയുണ്ട പോലും
ശിഥിലമാകുന്ന 
കല്ലേറുകളുടെ 
പിഴയ്ക്കാത്ത 
ഉന്നം .
ജനാധിപത്യബോധത്തിനും ,
പൗരാവകാശത്തിനും നീതിക്കും 
അപ്പുറം മരണത്തിലേക്ക് 
വലിച്ചെറിയപ്പെട്ടൊരു ജനത.
ഏതു നിമിഷവും 
അവസാനിച്ചു  പോകാവുന്നൊരു 
ജീവിതം .
വെടിയുണ്ടയില്‍ 
തുളയുന്നൊരു 
കുഞ്ഞു തലച്ചോറ് .
ഒരമ്മയുടെ 
ചിതറുന്ന നെഞ്ചകം .
ചോരകിനിയുന്നിടം ,
ചാവുനിലം .
നരനായാട്ടിന്‍റെ 
ഉന്മാദ താളം .
ഇസ്വായേലിന്‍റെ
ഭീകരമുഖം .
പലസ്തീന്‍ 
തളരാത്ത 
പോരാട്ടത്തിന്‍റെ വീറ് ,
ലോകത്തിനു മുന്നില്‍
ഉയരുന്നൊരു ചോദ്യം 

ഗോപിനാഥ് കെ 

Friday, 13 October 2023

പാട്ട് .


പല പാട്ടിലേയും 

വരികളില്‍ നാം

നമ്മെത്തന്നെ 

കണ്ടെത്തിയിരുന്ന 

ഒരു കാലമുണ്ടായിരുന്നു .

നാം പറഞ്ഞു വെച്ചതോ 

നാം പറയണമെന്ന് 

ആഗ്രഹിക്കുന്നതോ 

ആയ വരികളായി 

അതിനെ നാം ചേര്‍ത്തു 

വെച്ചിരുന്നു .


ചില സീനുകളിലെ,

കഥാപാത്രങ്ങളായി 

നാം നമ്മെത്തന്നെ 

സൃഷ്ടിച്ചിരുന്നു .


പാട്ടിലെ വരികളും 

സിനിമാ രംഗങ്ങളും

നമ്മുടെ ജീവിത 

സന്ദര്‍ഭങ്ങളില്‍ നിന്ന് 

രൂപപ്പെടുത്തിയതല്ല .

എന്നിട്ടും നാം മരം 

ചുറ്റിയിട്ടുണ്ടാവും .

കൈകള്‍ കോര്‍ത്ത് 

ആടിയുലഞ്ഞ് 

പാടിയിട്ടുണ്ടാവും 

മടിയില്‍ തലചായ്ച് 

കിടന്നിട്ടുണ്ടാവും 

അങ്ങനെ  അതില്‍ 

നാം നമ്മെ കണ്ടെത്തുന്നത് 

അത്തരം അനുഭവങ്ങളിലൂടെ 

നാം കടന്നു പോയതു കൊണ്ടോ 

കടന്നു പോകണമെന്ന് 

നാം ആഗ്രഹിക്കുന്നതു 

കൊണ്ടോ ആണ് .

ഗോപിനാഥ് കെ .


ഉത്സവം



ഉല്‍സവാഘോഷങ്ങളും 
മേളപ്പെരുക്കങ്ങളും 
കൊണ്ടു പോകുന്നൊരോര്‍മ്മയുണ്ട് .
എല്ലാവരും ഉല്‍സവത്തിനു 
പോയോരു നേരം 
അവളും ഞാനും മാത്രം .
എന്‍റെ നോട്ടങ്ങള്‍ക്ക് 
അവളുടെ മറുനോട്ടമുണ്ട് .
പഞ്ചാരപ്പുഞ്ചിരിയുണ്ട് .
എന്നെ കാണുമ്പോള്‍ 
അവളുടെ കണ്ണില്‍ 
ഞാന്‍ കാണുന്നൊരു തിളക്കമുണ്ട് .
അവളെന്നെ പ്രണയിക്കുന്നു 
എന്ന് എന്‍റെ മാത്രം ബോധ്യങ്ങളുണ്ട് .
ഏറെ നാളായി താലോലിക്കുന്ന 
ഒരു സ്വപ്നം ,കെട്ടിപ്പിടിച്ചൊരുമ്മ .
അവളടുത്തെത്തിയ നിമിഷം .
മുറുകുന്ന ചെണ്ടമേളത്തോടൊപ്പം 
ഹൃദയം പെരുമ്പറ കൊട്ടി .
ഏതോ ഒരുള്‍പ്രേരണയില്‍ ,
ധൈര്യം സംഭരിച്ച് ,
അവളെ കെട്ടിപ്പുണര്‍ന്നു .
ഉമ്മവെക്കാനുള്ളൊരു 
പരാക്രമത്തില്‍ ,
അവള്‍ ചെകിടടച്ചൊരടി .
കണ്ണിലിരുട്ടു കയറി .
ചെവിയിലൊരു മൂളല്‍ .
കൈകളയഞ്ഞു .
ചെണ്ടമേളം മാഞ്ഞു .
അവളോടിയകലുന്ന
കാലടി ശബ്ദം .

ഗോപിനാഥ് കെ .

Monday, 9 October 2023

ഇങ്ക്വിലാബ് സിന്ദാബാദ്

കറുത്തവന്‍റെ കഴുത്ത്  
വെളുത്തവന്‍റെ
കാല്‍മുട്ടിലമര്‍ന്ന് 
തറയിലരഞ്ഞ് 
നിശ്ചലമാകുന്നത് 
കരളുറപ്പോടെ 
കണ്ടു നില്‍ക്കുക.
അതിരുകളില്ലാത്ത 
സ്വാതന്ത്ര്യത്തിന്‍റെ
ഗീഥികള്‍ പാടി
സമ്പത്തിലാറാടി
ലോകപ്പോലീസിന്‍റെ
ബൂട്ടുകള്‍ 
അമരുന്നത് ഭൂമിയുടെ 
നെറുകിലാണ് .
ചവിട്ടി മെതിക്കുന്നത് 
കറുത്തവന്‍റെ
സ്വപ്നങ്ങളാണ് .
തെരുവുകള്‍ക്ക് 
തീ പിടിക്കുന്നുണ്ട് 
കണ്ണുകളില്‍ രോഷം 
ചുവക്കുന്നുണ്ട് ,
തൊണ്ടകളലറുന്നുണ്ട് 
ഇന്‍ക്വിലാബ് സിന്ദാബാദ് 


Sunday, 8 October 2023

രക്ഷകനെ കാത്തിരിക്കരുത് .


രക്ഷകനെ കാത്തിരിക്കരുത് .

തല്ലിക്കൊഴിക്കുന്ന 
കാറ്റിനെപ്പേടിച്ച് 
പൂക്കാതിരിക്കുന്ന 
പൂമരച്ചില്ലകള്‍ .
ആറിത്തണുത്ത് 
അകമേയമരുന്ന
പൂവിളം മേനികള്‍ ,
പൂമണങ്ങള്‍.

വിരിയാതെ പോകും 
നിറങ്ങള്‍ തന്‍ 
ഉല്‍സവങ്ങളും ,
സ്വപ്നങ്ങളും 
ഹരിതാഭകളുമെല്ലാം 
അറ്റു പോകുന്നൊരിടം .
കത്തിക്കാളുന്ന 
ഭൂമിതന്‍ ഹൃത്തടം 

ബലാല്‍സംഗത്തില്‍ 
കീറിമുറിഞ്ഞ ശരീരങ്ങള്‍ ,
പഴംതുണിക്കെട്ടു പോലെ 
തെരുവിലനാഥമാക്കപ്പെട്ട 
സ്ത്രീജന്മങ്ങള്‍ .

സൗഹൃദത്തിന്‍റെ 
ചുകന്ന ഹൃദയം ,
പറിച്ചെടുത്ത് 
ആഘോഷപൂര്‍വ്വം
ചുട്ടെരിക്കുന്നതിന്‍റെ 
കോലാഹലങ്ങള്‍ .

നുണകള്‍ വാരിയുടുത്ത് 
സത്യത്തിനെതിരെ 
സമരജാഥകള്‍ നിറയുന്ന  
രാജവീഥീകള്‍ .
സ്തുതിഗീഥികള്‍ ,
ദൃശ്യവിരുന്നുകള്‍.

ആള്‍ദൈവങ്ങളുടെ 
കാലടിപ്പാദങ്ങളില്‍ വീണും
സാഷ്‌ടാംഗം നമസ്കരിച്ചും,
നിറമിഴികളാല്‍ ,
പാവം ദൈവം .

കഴുത്തറുത്തും 
ഉദരം പിളര്‍ന്നും 
പരസ്പരം വെട്ടിയും കുത്തിയും 
കൊന്നു തീര്‍ക്കുന്നൊരു ഭൂമി , 
ഇന്ത്യയുടെ മാര്‍ത്തടം 

ഗോപിനാഥ് കെ .




Sunday, 1 October 2023

ഗാന്ധി



ഗാന്ധി , വെടിയുണ്ടയിൽ 
തുളഞ്ഞു പോയ 
ഒരു വെറും പേരല്ല .
എല്ലാ വിയോജിപ്പുകൾക്കിടയിലും 
നാം ഒന്നാണെന്ന് 
ജീവിതം സമർപ്പിച്ചൊരു 
ഉറപ്പാണ് .
ശിഥിലമായൊരു 
സമൂഹം സ്വാതന്ത്ര്യത്തിനായി 
ഒത്തു ചേർന്ന
ഐക്യത്തിൻെറ പേരാണ് 
ഗാന്ധി.
താനൊരു 
ഹിന്ദുവാണെന്നുറക്കെപ്പറയുകയും
അതുകൊണ്ടു തന്നെ 
മുസ്ലീമായും ,ക്രിസ്ത്യാനിയായും
മനുഷ്യനായും ജീവിച്ചൊരാൾ .
ഹൈന്ദവ വർഗ്ഗീയവാദി 
നാഥൂറാം ഗോഡ് സേയുടെ 
വെടിയുണ്ടയിൽ 
പിടയുമ്പോഴും 
അദ്ദേഹമുരുവിട്ട 
ഹേ റാം ,ഇന്നു നാം കേൾക്കുന്ന 
ജയ്റാം വിളികളല്ല .
വെടിയുണ്ടകൾ നിലയ്ക്കുന്നില്ല .
കലബുർഗി ,ധാബോൽക്കർ 
പൻസാരേ ,ഗൗരീ ലങ്കേഷ് ,
ഇന്ത്യക്കു നേരേയും 
ഒരു തോക്ക് ഉയർന്നു വരുന്നൂ .
ജാഗ്രത്താവുക .

ഗോപിനാഥ് കെ .