രക്ഷകനെ കാത്തിരിക്കരുത് .
തല്ലിക്കൊഴിക്കുന്ന
കാറ്റിനെപ്പേടിച്ച്
പൂക്കാതിരിക്കുന്ന
പൂമരച്ചില്ലകള്‍ .
ആറിത്തണുത്ത്
അകമേയമരുന്ന
പൂവിളം മേനികള്‍ ,
പൂമണങ്ങള്‍.
വിരിയാതെ പോകും
നിറങ്ങള്‍ തന്‍
ഉല്‍സവങ്ങളും ,
സ്വപ്നങ്ങളും
ഹരിതാഭകളുമെല്ലാം
അറ്റു പോകുന്നൊരിടം .
കത്തിക്കാളുന്ന
ഭൂമിതന്‍ ഹൃത്തടം
ബലാല്‍സംഗത്തില്‍
കീറിമുറിഞ്ഞ ശരീരങ്ങള്‍ ,
പഴംതുണിക്കെട്ടു പോലെ
തെരുവിലനാഥമാക്കപ്പെട്ട
സ്ത്രീജന്മങ്ങള്‍ .
സൗഹൃദത്തിന്‍റെ
ചുകന്ന ഹൃദയം ,
പറിച്ചെടുത്ത്
ആഘോഷപൂര്‍വ്വം
ചുട്ടെരിക്കുന്നതിന്‍റെ
കോലാഹലങ്ങള്‍ .
നുണകള്‍ വാരിയുടുത്ത്
സത്യത്തിനെതിരെ
സമരജാഥകള്‍ നിറയുന്ന
രാജവീഥീകള്‍ .
സ്തുതിഗീഥികള്‍ ,
ദൃശ്യവിരുന്നുകള്‍.
ആള്‍ദൈവങ്ങളുടെ
കാലടിപ്പാദങ്ങളില്‍ വീണും
സാഷ്‌ടാംഗം നമസ്കരിച്ചും,
നിറമിഴികളാല്‍ ,
പാവം ദൈവം .
കഴുത്തറുത്തും
ഉദരം പിളര്‍ന്നും
പരസ്പരം വെട്ടിയും കുത്തിയും
കൊന്നു തീര്‍ക്കുന്നൊരു ഭൂമി ,
ഇന്ത്യയുടെ മാര്‍ത്തടം
ഗോപിനാഥ് കെ .
No comments:
Post a Comment