Monday, 17 June 2024

ശരങ്ങള്‍ .




നിന്‍റെ വരികള്‍ എത്രമാത്രം 
മൃദുവാണ് .
തൂവല്‍സ്പര്‍ശം പോലെ 
ഇളം തെന്നലായത് 
തഴുകിക്കടന്നു പോകാത്തൊരു 
അണുവുമില്ല.
നിന്‍റെ വരികള്‍ 
എത്രമാത്രം പ്രണയാര്‍ദ്രമാണ്.
ഹൃദയമിടിപ്പില്‍ ജീവതാളമായി
കലരാത്തൊരു രക്തധമിനിയുമില്ല .
നിന്‍റെ വരികള്‍ ,
എത്രമാത്രം കാമാര്‍ത്തമാണ് .
പിണയുന്ന രണ്ടുടലുകളില്‍ 
ഒന്നു ചേരാന്‍ ഇനിയൊന്നും 
ബാക്കിയില്ല .
നിന്‍റെ വരികള്‍ക്കെത്രമാത്രം 
കൂര്‍ത്തമുനകളാണ് .
അത് വന്നു തറയാത്തൊരിടവുമില്ല.

ഗോപിനാഥ് കെ .



മരണം

മരണം അറിഞ്ഞവര്‍ക്ക് 

അത് ജീവിതം 

നല്‍കുന്നൊരു മറുപടിയാണ് .

പറയാന്‍ അവരില്ലെന്നേയുള്ളൂ .

എല്ലാം അവസാനിച്ചു 

പോകുന്നൊരു നിമിഷം .

മരണം അനിവാര്യതയാണ് .

മുന്നോട്ടും പിന്നോട്ടും 

വഴികള്‍ അവസാനിക്കുന്നിടം .

ഒരാള്‍ ഓര്‍മ്മയിലേക്ക് 

നടന്നു പോകുന്നു .

പിന്നെ അയാള്‍ ,പതുക്കെ 

ഓര്‍മ്മയില്‍ നിന്നും 

യാത്രയാവുന്നു 

ശൂന്യതയിലേക്ക് .


ഗോപിനാഥ് കെ .

Sunday, 16 June 2024

ഓര്‍മ്മകള്‍ .


നീയെന്നെ ഓര്‍ക്കുന്നു 
പോലുമുണ്ടാവില്ല .
എന്‍റെ പ്രണയം 
നീ അറിഞ്ഞതായി 
ഭാവിച്ചതുമില്ല .
അറിയിക്കാനുള്ള
എല്ലാ ശ്രമങ്ങളും 
നിന്‍റെ പരിഹാസങ്ങളില്‍ 
ചിതറിപ്പോവുകയോ 
നീ അവഗണിക്കുകയോ 
ചെയ്തു .

സ്വപ്നങ്ങളില്‍
നിന്നോടൊപ്പം 
അറ്റമില്ലാ ദൂരം നടന്നു .
ആ കൈകള്‍ ചേര്‍ത്തു 
പിടിക്കാന്‍ ഭയമായിരുന്നു,
സ്വപ്നത്തിലും .

നീയുമൊത്ത് 
ഒരുപാടുനേരമിരുന്നു,
തൊടാതെ അടുത്തടുത്ത് .
ചേര്‍ന്നിരിക്കുന്നത് 
നീ ഇഷ്ടപ്പെട്ടില്ലെങ്കിലോ ?
നിന്നെയൊന്നു 
ചേര്‍ത്തു പിടിക്കാനൊരു 
തോന്നല്‍ സ്വപ്നത്തില്‍ 
പോലും വന്നില്ല .

എന്‍റെ നൊമ്പരങ്ങളുമായി 
ഞാന്‍ ഐക്യപ്പെട്ടു .
നിന്നില്‍ ഞാനില്ലെന്നും 
നീ എന്‍റേതാവില്ലെന്നുും 
തിരിച്ചറിഞ്ഞു .
എന്നാലും നിന്നോടുള്ള 
പ്രണയം 
അതിപ്പോഴും 
ഉരുണ്ടു കൂടി 
പെയ്യാന്‍ കനത്തു നില്‍ക്കുന്നു .

വിട .


എത്ര ആത്മാര്‍ത്ഥമായി 
വിട പറഞ്ഞാലും ,
പിന്നേയും എന്തിനോ 
കാത്തു നില്‍ക്കുന്ന 
ചില ഓര്‍മ്മകളുണ്ടാവും .
വിട നല്‍കാതെ 
അതങ്ങിനെ തങ്ങി നില്‍ക്കും ,
പോകാന്‍ മടിച്ച് .
നടക്കുന്നതിനിടയിലും 
വീണ്ടും തിരിഞ്ഞു നോക്കും ,
തിരികെ വിളിച്ചോ 
എന്ന് സംശയിച്ച് .
അവിചാരിതമായി 
കോരിച്ചൊരിഞ്ഞൊരു മഴയില്‍ 
കയറി നിന്ന മരച്ചുവടില്‍,
വിജനതയില്‍ ,
മഴയുടെ താളത്തിനൊത്തുയര്‍ന്ന 
നെഞ്ചിടിപ്പില്‍ ,
ശ്വാസച്ഛ്വാസത്തിന്‍റെ വേഗതയില്‍ 
പുണര്‍ന്നു നിന്നൊരു 
നിമിഷം പോലെ .
കൊഴിഞ്ഞു വീണ 
വാകപ്പൂവിതളുകള്‍ 
വിരിച്ച ചുവന്ന പരവതാനിയില്‍ 
കൈകള്‍ ചേര്‍ത്തു നടന്ന
നടവഴികള്‍ പോലെ ,
അണയുന്ന സൂര്യന്‍റെ 
ചെങ്കതിര്‍ വീണ് 
കുറേകൂടി 
ചുവന്ന കവിളിലെ 
മായാത്തൊരുമ്മ പോലെ ,
ചിലതെല്ലാം 
അങ്ങനെ കാത്തു നില്‍ക്കും 
തിരിച്ചു പോകാതെ .

ഗോപിനാഥ് കെ .

അവള്‍ .



അവള്‍ വരുമെന്ന് 
നിങ്ങളിപ്പോഴും 
പ്രതീക്ഷിക്കുന്നുവോ ?
മോഹവും ,സ്വപ്നങ്ങളും 
കടന്ന് ആ ചോദ്യം 
യാഥാര്‍ത്ഥ്യ ബോധ്യത്തില്‍ 
വന്നു തറച്ചു .
ഇല്ല അവള്‍  വരില്ല .
യാഥാര്‍ത്ഥ്യലോകത്തു നിന്ന് 
സ്വപ്നലോകത്തിലെത്താന്‍ 
വഴികളില്ല.