Sunday, 16 June 2024

വിട .


എത്ര ആത്മാര്‍ത്ഥമായി 
വിട പറഞ്ഞാലും ,
പിന്നേയും എന്തിനോ 
കാത്തു നില്‍ക്കുന്ന 
ചില ഓര്‍മ്മകളുണ്ടാവും .
വിട നല്‍കാതെ 
അതങ്ങിനെ തങ്ങി നില്‍ക്കും ,
പോകാന്‍ മടിച്ച് .
നടക്കുന്നതിനിടയിലും 
വീണ്ടും തിരിഞ്ഞു നോക്കും ,
തിരികെ വിളിച്ചോ 
എന്ന് സംശയിച്ച് .
അവിചാരിതമായി 
കോരിച്ചൊരിഞ്ഞൊരു മഴയില്‍ 
കയറി നിന്ന മരച്ചുവടില്‍,
വിജനതയില്‍ ,
മഴയുടെ താളത്തിനൊത്തുയര്‍ന്ന 
നെഞ്ചിടിപ്പില്‍ ,
ശ്വാസച്ഛ്വാസത്തിന്‍റെ വേഗതയില്‍ 
പുണര്‍ന്നു നിന്നൊരു 
നിമിഷം പോലെ .
കൊഴിഞ്ഞു വീണ 
വാകപ്പൂവിതളുകള്‍ 
വിരിച്ച ചുവന്ന പരവതാനിയില്‍ 
കൈകള്‍ ചേര്‍ത്തു നടന്ന
നടവഴികള്‍ പോലെ ,
അണയുന്ന സൂര്യന്‍റെ 
ചെങ്കതിര്‍ വീണ് 
കുറേകൂടി 
ചുവന്ന കവിളിലെ 
മായാത്തൊരുമ്മ പോലെ ,
ചിലതെല്ലാം 
അങ്ങനെ കാത്തു നില്‍ക്കും 
തിരിച്ചു പോകാതെ .

ഗോപിനാഥ് കെ .

No comments:

Post a Comment