Sunday, 12 September 2021

പിആര്‍ രതീഷ് .

പ്രണയം .
...........
പി ആർ രതീഷ് 


ഒരിക്കൽ പെയ്താൽ മതി 
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ

പ്രണയം



പ്രണയം.

പ്രണയത്തിന്‍റെ
വേനല്‍ ചൂടില്‍ ,
വിയര്‍പ്പു
മണികളിലുതിരുന്ന
കുളിരുന്നൊരു
തണുപ്പുണ്ട് .
പ്രണയത്തിൻ
ശൈത്യത്തില്‍ ,
ത്രസിക്കുന്ന
ഹൃദയം
ഞരമ്പുകളില്‍
പടര്‍ത്തുന്ന
സുഖമുള്ളൊരു ചൂടുണ്ട് .
കൊടും കാറ്റായ് വീശുന്ന
പ്രണയത്തിന്‍റെ
ആടിയുലയുന്ന
വേഗങ്ങളില്‍ ,
പറിയാതെ ,
മുറിയാതെ
നില്‍ക്കുന്ന
പുല്‍കൊടിത്തുമ്പിന്‍റെ
വല്ലാത്തൊരു
കരുത്തുണ്ട് .
ചിലപ്പോള്‍
ആഴ്ന്നിറങ്ങുന്നൊരു
കത്തിമുനയില്‍ ,
ആഞ്ഞു വീശുന്നൊരു
വാളിന്‍റെ
വായ്ത്തലപ്പില്‍
അത് ചിതറി വീഴുന്നുണ്ട് .
എന്നാലും ,
അവസാനിക്കാതെ
മുളക്കുന്നുണ്ടത് ,
മനുഷ്യനില്‍ .

ഗോപിനാഥ് കെ .പ്രണയം

അവളുടെ മരണം .

തൂലിക നവമാധ്യമ കൂട്ടായ്മ
പ്രതിമാസ മത്സരം
വിഭാഗം: കഥ

*അവളുടെ മരണം*

അനു ആത്മഹത്യ ചെയ്യില്ല .അവനുറപ്പായിരുന്നു .
പ്രശ്നങ്ങള്‍ വീട്ടിലുണ്ടായിരുന്നു .
സ്ത്രീ ധനം തന്നെയാണ് വിഷയം .
അതിന്‍െറ പേരില്‍ ചില കാര്യങ്ങള്‍ അനു സൂചിപ്പിച്ചിരുന്നു .
അന്നു തന്നെ അച്ഛനോടും അമ്മയോടും 
കര്‍ശനമായി പറഞ്ഞതാണ് .
ബാക്കി അവര് കൊണ്ടു വരുമ്പോള്‍ വാങ്ങാം ,അതിന്‍െറ പേരില്‍ ഇവിടെ 
സംസാരം വേണ്ട. 
ഓഫീസില്‍ നിന്ന് വരുമ്പോള്‍ പലപ്പോഴും ശ്രദ്ധിച്ചതാണ് .അനുവിലെ മാറ്റങ്ങള്‍ .
പക്ഷേ എത്ര ചോദിച്ചാലും അവളൊന്നും പറയില്ല .
കണ്ണു കലങ്ങിയത് കരട് പോയതാണ് . 
ചിലപ്പോ ഭയങ്കര തലവേദന .
എന്നാല്‍ വീട്ടില്‍ അനുവിന് എന്തെങ്കിലും 
പ്രയാസമുള്ളതായി അറിഞ്ഞിരുന്നില്ല .
ഒഴിവു ദിവസങ്ങളില്‍ വീട്ടുകാരില്‍ നിന്ന് അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചില്ല . പക്ഷേ ആത്മഹത്യ അവളത് ചെയ്യില്ല . ''കുഞ്ഞിക്കാലു കൊണ്ടെന്‍റെ 
ഉദരത്തില്‍ അവന്‍റെ തൊഴി എനിക്കിനിയും 
സഹിക്കാന്‍ മേല ''.
അവളിന്നു രാവിലേയും പറഞ്ഞതാണ് .
ആണ്‍കുഞ്ഞാണെന്ന് അവളുറപ്പിച്ചു 
പേരും കണ്ടുവെച്ചു .
എന്തെല്ലാം സ്വപ്നങ്ങള്‍ . 
''അതിനിടയിലും അച്ഛന്‍ ഇേത്രം പണം കൊടുക്കാമെന്നെന്തിനാ പറഞ്ഞേ ,
കൊടുക്കാനാവുന്നത് പറഞ്ഞാപ്പോരേ .''
എന്നവള്‍ ഇന്നും ആവലാതി പറഞ്ഞു.
അവള്‍ക്കറിയില്ല 
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിവാഹക്കമ്പോളത്തിലെ മൂല്യം ..
ആ അച്ഛന്‍ മകള്‍ക്കൊരു സുരക്ഷിത ജീവിതം ഉറപ്പാക്കുകയായിരുന്നു . 
സ്ഥലവും വീടും വിറ്റാണെങ്കിലും ബാക്കി തുക തരാനിരുന്നതാണ് ,
അവളുടെ സഹോദരന്‍െറ വാക്കു മാറലും എതിരു നില്‍ക്കലും ആ അച്ഛനെ വല്ലാതെ തളര്‍ത്തി . അതറിയാവുന്നതു കൊണ്ടു കൂടിയാണ് ബാക്കി പണം അവരു തരുമ്പോള്‍ മതിയെന്നു പറഞ്ഞത്‌ .
പക്ഷേ അത് വീട്ടിലാരും വകവെച്ചില്ലെന്നു തോന്നുന്നു .മനസ്സിലെന്തെല്ലാമോ സംശയങ്ങള്‍ ഉരുണ്ടു കൂടുന്നു .
അനു വീട്ടില്‍ വല്ലാതെ ഒറ്റപ്പെട്ടു പോയിട്ടുണ്ടാവും . സഹോദരിയും ഭര്‍ത്താവും വീട്ടിലെത്തിയതും സംശയാസ്പദം .
''തരാനുള്ളതു മുഴുവനും തന്നില്ലെങ്കില്‍ അവള്‍ പ്രസവിക്കണ്ട. 
അവളെ ഒഴിവാക്കേണ്ടി വന്നാല്‍ കുഞ്ഞൊരു ബാധ്യതയാവും'' .
സഹോദരിയുടെ വാക്കുകള്‍ ചെവിയില്‍ നിലയ്കാത്ത മൂളലായി .
അനുവിനെ വീട്ടില്‍ വെച്ച് അച്ഛനും അമ്മയും സഹോദരിയും 
അവളുടെ ഭര്‍ത്താവും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കിയതാവുമോ ?
അയാള്‍ക്കാകെ ഒരു വിറയലനുഭവപ്പെട്ടു 
ശരീരം തളരുന്നതു പോലെ ..
വീട്ടിലെ ആള്‍ക്കൂട്ടങ്ങളും 
പോലീസ് വാഹനവും ..ആംബുലന്‍സും 
അയാളുടെ കണ്ണില്‍ മാഞ്ഞു .
താഴേക്കു പതിക്കുന്ന അയാളെ ആരെല്ലാമോ ചേര്‍ന്നു താങ്ങി .
ജയേട്ടാ ,ജയേട്ടാ ,ഉച്ചത്തിലുള്ള വിളി കേട്ട് 
അയാള്‍ ഞെട്ടിയുണര്‍ന്നു 
കണ്ണുകള്‍ തുറന്നു .
പേടിച്ചരണ്ട മുഖത്തോടെ പരിഭ്രാന്തയായി 
അനു .അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു .
സ്വപ്നമാണെന്ന തിരിച്ചറിവില്‍ 
അയാളവളെ കെട്ടിപ്പുണര്‍ന്നു .
മനസ്സില്‍ അയാളൊരു തീരുമാനമെടുത്തു .
സ്ത്രീധനത്തില്‍ ബാക്കി ഇനി അയാള്‍ക്കു വേണ്ട .

ഗോപിനാഥ് കെ ,
പയ്യാനക്കല്‍ .

Saturday, 2 January 2021

കണ്ണേ മടങ്ങുക .

കാലത്തിന്‍െറ
അടര്‍ന്നു വീണ ഇതളുകളില്‍
ചിലതെടുത്ത് ഒരല്പനേരം നോക്കിയിരുന്നാല്‍ ,
ഓര്‍മ്മകളില്‍ മാഞ്ഞു പോയ
ചിത്രങ്ങള്‍ തെളിഞ്ഞു വരും ,
ചിലതിന് അന്നത്തേക്കാള്‍
മിഴിവേറും ,
ചിലതെല്ലാം നമ്മോട് സംസാരിക്കും
പലതും നമ്മെ അടക്കം പിടിക്കും കണ്ണുനീരില്‍ കുതിര്‍ന്നവ
പരിഭവങ്ങള്‍ നിറയുന്നവ ,
നനഞ്ഞ കണ്ണുകളോടെ
യാത്ര പറയുന്നവ ,
അരുതെന്ന വിലക്കിനോട്
നിവൃത്തിയില്ലെന്നു
പറഞ്ഞു നടന്നകലുന്നവ ..
ഈറനണിയുന്ന
കാഴ്ചകളില്‍ നിന്ന്
ഒരു നിശ്വാസത്തോടെ നാം
പറയും കണ്ണേ മടങ്ങുക .

ഗോപിനാഥ്കെ .