Monday, 2 July 2018

വരകള്‍ .

നിന്നെ വരക്കണം ,
ഒരുപാട് ശ്രമിച്ചതാണ് , വരകളിലൊതുങ്ങാതെ
വരകള്‍ക്ക് വഴങ്ങാതെ
നീയിപ്പോഴും .

ചുരണ്ട കാറ്റിലിളകുന്ന
നിന്‍െറയളകങ്ങള്‍ വരക്കാം ,
നല്ല ചുവപ്പൊന്നുമല്ലെങ്കിലും
നിന്‍െറ അധരങ്ങളും
വരക്കാം .

എന്നാല്‍ കനലെരിയുന്ന
ആ കണ്ണുകളാണു പ്രശ്നം ,
വരച്ചു വെക്കുന്നതൊന്നും നീയല്ലാതാവുന്നു .

നിന്നിലേക്ക്
വരകള്‍ക്ക് എത്താനാവുന്നില്ല.
മാംസളമായ
അവയവങ്ങളുടെ
ഒരു കൂമ്പാരമല്ലത്.

പ്രതിരോധത്തിന്‍െറ
വന്‍മതിലാണ് .
കാമത്തിന്‍െറ
തേരോട്ടങ്ങളെല്ലാം ,
തട്ടിച്ചിതറുന്നൊരു മതില്‍ .

സ്നേഹം മഞ്ഞായ്
പെയ്തു
കുളിരുന്നൊരു തണുപ്പ് ,
ഹൃദയം പകുത്തു
തരുന്നൊരു കൂട്ട് ,
എന്തും മിണ്ടാനും
കേള്‍ക്കാനുമുള്ള
നിന്നെ ,
വരഞ്ഞു വെക്കുക ,
പ്രയാസമാണ് .

പ്രണയം
പെയ്തു നില്‍ക്കെ ,
വരകളില്‍ നിലാവു
പരക്കുന്നു ,
ഇല്ല ,
നിലാവിനെ
വരക്കാവില്ല.
നിന്നെ വരക്കാനാവില്ല.

No comments:

Post a Comment