Wednesday, 4 September 2024

അവള്‍ .

അകന്നു പോകുന്നൊരു 
സ്വപ്നം പോലെയാണ്
അവളെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ .
ആഹ്ളാദ നിമിഷങ്ങള്‍ 
നൊമ്പരങ്ങള്‍ ,
ഇറ്റിറ്റു വീഴുന്ന കണ്ണുനീര്‍ 
തുള്ളികള്‍.

മായാതെ മനസ്സില്‍ 
തളം കെട്ടി നില്‍ക്കുന്നൊരു 
ജീവിതം .
അവളുടെ വാക്കുകളില്‍ 
അടര്‍ന്നു വീണ  
ശിഥിലമായ ചില ഓര്‍മ്മകളില്‍ 
അവളുുടെ ജീവിതം വേറിട്ടു നിന്നു .

വഴിമുട്ടി  നില്‍ക്കുന്ന  ജീവിതത്തിനു 
നേരെ,അവള്‍ പകച്ചു നിന്നില്ല .
അതിജീവനത്തിനായ് അവള്‍ 
തിരഞ്ഞെടുത്ത വഴികള്‍ ,
ഒന്നൊന്നായ് കൈവിട്ടു 
പോവുന്നതും നോക്കി അവള്‍ 
വെറുതെയിരുന്നില്ല,
വെറുതേയിരിക്കാന്‍ 
അവള്‍ക്ക് ആവുമായിരുന്നില്ല.
ജീവിതത്തിന്‍റെ 
ദൈന്യംദിനാവശ്യങ്ങള്‍ക്ക് 
കടം വാങ്ങിയ കാശ് വലിയൊരു 
തുകയിലെത്തിയിരുന്നു .
തിരിച്ചു കിട്ടാനുള്ളവരുടെ 
അമര്‍ഷം സ്വൈര്യക്കേടായി
വീട്ടു പടിയിലെത്തിയിരുന്നു .
അടുപ്പിലെ തീ 
അണഞ്ഞു പോയിരുന്നു.
വിശപ്പിന്‍റെ അഗ്നി കുട്ടികളുടെ 
കണ്ണില്‍ തിരി കൊളുത്തിയിരുന്നു .
അതി ജീവനം മാത്രം 
ലക്ഷ്യമായപ്പോള്‍ വഴികള്‍ 
സാധൂകരിക്കപ്പെട്ടു .

ആഴിയുടെ ആഴങ്ങളിലും 
അന്ധകാരത്തിന്‍റെ 
അഗാധതകളിലും 
വന്യമായ വനാന്തരങ്ങളിലും 
ഹിംസ്രജന്തുക്കളുടെ 
അട്ടഹാസങ്ങളിലും
അവളുടെ വാക്കുകള്‍ 
എന്‍റെ കാതുകളില്‍ വന്നലച്ചു .
നഖക്ഷതങ്ങളും 
മുറിപ്പാടുകളും 
രക്തത്തുള്ളികളും ,
കണ്ടു ഞാനമ്പരന്നു .
പുളച്ചു മദിക്കുന്ന കാമത്തിന്‍റെ 
പേക്കൂത്തുകളില്‍,
ബോധാബോധങ്ങളുടെ 
സ്ഥലകാല മറവികളില്‍ ,
തളര്‍ച്ചയുടെ 
നിസ്സഹായതയില്‍ 
നീറിപ്പുകയുന്ന വേദനയില്‍ 
ശബ്ദങ്ങളായും ,
അക്ഷരങ്ങളായും 
മുന്നില്‍ വന്നെത്തിയ 
അവളുടെ യാത്രാവഴികളുടെ 
മൊഴിമുഴക്കങ്ങളില്‍ 
അനാഥമായവനെപ്പോലെ 
നിസ്സഹായതയോടെ 
കേട്ടിരുന്നതിന്‍റെ ഞെട്ടല്‍ 
ഇപ്പോഴും എന്നെ പിന്‍തുടരുന്നു .

എല്ലാം കൈവിട്ടു 
പോവുന്നൊരു വേവലാതി 
അവളുടെ വാക്കുകളില്‍ 
ചിതറുന്നുണ്ടായിരുന്നു .
തിരിച്ചു വരാനാവാത്തത്ര 
ആഴത്തിലേക്ക് 
ആഴ്ന്നു പോവുന്നതായി 
അവളറിയുന്നുണ്ടായിരുന്നു .

ഒരു കവിതാ ഗ്രൂപ്പില്‍ 
ശ്രദ്ധയില്‍ പെട്ട 
അവളുടെ ഒരു കവിതയില്‍ 
നിന്നാണ് പരിചയം തുടങ്ങുന്നനത് .
കവിതകളില്‍ തെളിഞ്ഞ 
ബിംബങ്ങളുടേയും,
ആശയങ്ങളുടേയും
വരികള്‍ക്കിടയില്‍ 
അവളുണ്ടായിരുന്നു .
അവളുടെ വേദനകളും 
അവളുടെ ജീവിതവും 
അതിലുണ്ടായിരുന്നു .
അവളുടെ കവിത അവള്‍ 
തന്നെയായിരുന്നു .

പരിചയം കുറേക്കൂടി കടുത്തു ,
വീട് ,കുടുംബം ,
നാട് എല്ലാം അവളുടെ 
വാക്കുകളില്‍ പരിചിതങ്ങളായി .
അടുപ്പം കുറേക്കൂടി 
ദൃഢത കൈവരിച്ചു .
ആ ബന്ധത്തിനൊരു 
പേര് നല്‍കുക പ്രയാസമായിരുന്നു .
അതങ്ങനെ പല പ്രകാരങ്ങളില്‍ 
വളര്‍ന്നു പന്തലിച്ചു . 
സ്വന്തം മനസ്സുകൊണ്ട്,
അവളിലേക്ക് 
ഒരുപാട് ദൂരങ്ങള്‍ ഞാന്‍ താണ്ടി .
സ്നേഹത്തിന്‍റെ ,
സൗഹൃദത്തിന്‍റെ ,
പ്രണയത്തിന്‍റെ ,
കാമത്തിന്‍റെ വഴികളില്‍ 
തനിച്ചു സഞ്ചരിക്കുകയും 
വെറുതെ തിരിച്ചു വരികയും ചെയ്തു .
ഒരു ബന്ധങ്ങളിലും ,
ആ പരിചയം  തളച്ചിടാനായില്ല .

ജീവിതം മാത്രമല്ല ,
എല്ലാ രഹസ്യങ്ങളും 
ഒന്നൊഴിയാതെ അവള്‍ക്ക് 
പറയാനുള്ള 
ഒരാളായിരുന്നു ഞാന്‍ .
പറയുന്നതെല്ലാം ശ്രദ്ധയോടെ 
കേള്‍ക്കുന്ന നല്ലൊരു 
കേള്‍വിക്കാരനാവാന്‍ 
എനിക്കും കഴിഞ്ഞിരുന്നു .
അതാവണം അവളെന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് 
ഞാനും കരുതി .
അവളെ ആകര്‍ഷിക്കുന്നൊരു 
ആകാരമോ സൗന്ദര്യമോ 
എനിക്കുണ്ടായിരുന്നില്ല .
സാമ്പത്തീകമായി ഒന്നും 
സഹായിക്കാനാവാത്ത 
എന്‍റെ അവസ്ഥയും  
അവള്‍ക്കറിയാം .

അവളെ സ്വന്തമാക്കാനാവാത്ത 
സാഹചര്യങ്ങളെ 
ഞാന്‍ തിരിച്ചറിഞ്ഞിരുന്നു 
ആ ബോധ്യത്തില്‍ 
അവളെക്കുറിച്ചുള്ള 
എന്‍റെ വിചാരങ്ങളൊന്നും 
അവളോടു ഞാന്‍ പറഞ്ഞില്ല .
പറഞ്ഞാല്‍ അത് 
ഞങ്ങളുടെ പരിചയത്തെ 
തടസ്സപ്പെടുത്തുമെന്ന ഒരു തോന്നല്‍ 
എന്നെ വല്ലാതെ അലട്ടിയിരുന്നു .
അവളെന്നെ എങ്ങനെയാവും കാണുന്നതെന്നറിയാനുള്ള 
ആകാംക്ഷ എനിക്കുമുണ്ടായിരുന്നു . 
ഒരിക്കല്‍ അവള്‍ മനസ്സു 
തുറക്കുമെന്ന വിശ്വാസത്തില്‍
ഞാനും കാത്തിരുന്നു .

ശരീരം മാത്രം വരുമാനത്തിനായി 
ബാക്കിയുണ്ട് എന്നൊരറിവ് 
അവള്‍ എന്നോട് പങ്കു വെച്ച ദിവസം,
എല്ലാമറിയുന്ന ഒരാളായിട്ടു പോലും 
ഒരസഹ്യത എനിക്കനുഭവപ്പെട്ടു .
ഉപദേശിക്കാനൊരുപാടുണ്ട് .
ഇതുവരെ കണ്ടതും ,കേട്ടതും ,
പിന്നെ കൂട്ടിച്ചേര്‍ത്തു 
പറയാവുന്നതുമായ 
ഉപദേശങ്ങളുടെ ഒരു കൂമ്പാരം 
മുന്നിലുണ്ടിയിട്ടും 
ഒന്നും പറയാനായില്ല .
ബദലെന്തെങ്കിലും 
നിര്‍ദ്ദേശിക്കാനുമായില്ല .

എന്തു വേണം ? 
ഞാനൊരുപാടാലോചിച്ചു .
ഈ ബന്ധം തുടരുന്നതിലുള്ള 
ഒരുപാട് പ്രശ്നങ്ങള്‍ 
മുന്നിലുയര്‍ന്നു വന്നു .
ഫോണ്‍ വഴിയുള്ള നിരന്തരമായ 
വിവരങ്ങളുടെ കൈമാറ്റം , 
അപകടകരമായ ചുറ്റുപാടില്‍ 
അവള്‍ .
അവളനുഭവിക്കുന്ന 
ശാരീരിക പീഡനങ്ങളേയും ,
ലൈംഗീക വൈകൃതങ്ങളേയും 
കുറിച്ചുള്ള അവളുടെ തന്നെ
സങ്കടകരമായ വിവരണങ്ങള്‍ .
അവള്‍ പിടിക്കപ്പെടാനും
അപകടപ്പെടാനുമുള്ള 
സാധ്യതകളുമേറെ ,
അവളുടെ ഫോണ്‍ വിവരങ്ങള്‍ 
എന്നേയും അപകടപ്പെടുത്തുമെന്ന 
ഭയം എന്നിലും ഉരുണ്ടു 
കൂടാന്‍ തുടങ്ങി .
എന്നാലും ഇതവസാനിപ്പിക്കാം 
എന്നു പറയാന്‍ 
എനിക്ക് കഴിഞ്ഞില്ല .

കൈയ്യില്‍ സ്വരൂപിച്ച 
കുറച്ച് കാശ് 
നാട്ടിലെത്തിക്കാനുള്ള അത്യാവശ്യം 
വന്നപ്പോള്‍ അവള്‍ വിളിച്ചു .
''നിങ്ങളുടെ നഗരത്തിലൂടെ 
ഞാന്‍ വരുന്നു 
ഒന്നു കാണാന്‍ പറ്റുമോ'' ?
പെട്ടെന്ന് മറുപടിയൊന്നും വന്നില്ല ,
പകരം ''ലേശം തിരക്ക് 
ഞാന്‍ അങ്ങോട്ട് വിളിക്കാം*'
എന്നു മാത്രം പറഞ്ഞു .
ഏറെ ചിന്തകള്‍ക്ക് ശേഷം ,
വരാമെന്നു പറഞ്ഞു.


ഫോട്ടോയില്‍ കണ്ട രൂപം മാത്രമേ 
മനസ്സിലുള്ളു .
ആദ്യമായാണ് നേരില്‍ കാണുന്നത് .
''നിങ്ങളുടെ നഗരത്തിലെ
ഒരാളുടെ  അപ്പാര്‍ട്ട്മെന്‍റിലാണ് .
ഇന്ന് രാത്രി അയാളോടൊപ്പം ,
നാളേയേ നാട്ടിലേക്കു പോകൂ'' .
അങ്ങനെയാണവള്‍ പറഞ്ഞത് .
പരിചിതയെങ്കിലും ഒരു സ്ത്രീയെ 
ഒരപ്പാര്‍ട്ടുമെന്‍റില്‍ തനിയെ 
കാണുന്നത് ആദ്യമാണ് .
വലിയൊരപകടം എന്നെ 
പിന്‍തുടരുന്നു എന്ന തോന്നല്‍
എന്നെ വല്ലാതെ 
അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു .

വളരെ സൗകര്യമുള്ളൊരു വീട് .
വാതില്‍ തുറന്ന അവളെ കണ്ട് 
ഞാന്‍ അത്ഭുതപ്പെട്ടു,
ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ ,
സുന്ദരി .
എങ്ങനെ എവിടെ തുടങ്ങണമെന്ന് 
ആലോചിച്ചു കൊണ്ടിരിക്കേ 
അവള്‍ തുടങ്ങി .
''മനസ്സിലുണ്ടായിരുന്ന നിങ്ങള്‍ക്ക് 
ഇത്ര പ്രായമുണ്ടായിരുന്നില്ല ,
ശബ്ദത്തിനും
നിങ്ങളുടെ വരികള്‍ക്കും തീരേ 
ചെറുപ്പമാണ് ''.
അവളൊരുപാട് സംസാരിച്ചു .
ഞാനൊരു നല്ല കേള്‍വിക്കാരനായി .
കുടുംബം ,ജീവിതം ,
പരാധീനതകളും ,പ്രയാസങ്ങളും ,
അവസാനിക്കാത്ത കടം 
സംസാരം നീണ്ടു .
''അയാളെപ്പോ വരും''
ഇടയില്‍ ഞാന്‍ ചോദിച്ചു .
''അയാള്‍ രാത്രിയാവും ഭയപ്പെടേണ്ട''
എനിക്ക് സത്യത്തില്‍ നല്ല 
ഭയമുണ്ടായിരുന്നു .
''വന്നാലും കുഴപ്പമില്ല 
അഞ്ഞൂറു രൂപ
അയാള്‍ക്ക് നല്‍കിയാല്‍ മതി 
ഒരാള്‍ക്കുള്ള കമ്മീഷന്‍ 500 രൂപ''

അവളുടെ സംസാരം 
തീര്‍ന്നു തുടങ്ങി 
മൗനം മുറിയില്‍ ചിറകു വിരിച്ചു .
ഞാനവളുടെ കണ്ണിലേക്കു നോക്കി 
കണ്ണുകള്‍ക്ക് വല്ലാത്തൊരു പ്രകാശം .
പോകാനായി ,ഞാനെഴുന്നേറ്റു .
അവളടുത്തു വന്നു .
പെട്ടെന്ന് , 
അവളെന്നെ കെട്ടിപ്പുണര്‍ന്നു .
സുഖകരമായൊരു 
കുളിരെന്നെ വന്നു പൊതിയുന്നു 
തിരിച്ചറിയാനാവാത്തൊരനുഭൂതിയില്‍ 
ഞാനമര്‍ന്നു.
മുടിയിഴകളില്‍ വിരലോടിച്ചു കൊണ്ട് 
ഞാനവളുടെ മുഖത്തേക്കു നോക്കി 
എന്തിനോ വിറക്കുന്ന അവളുടെ 
ചുണ്ടുകള്‍ 
ചിലപ്പോള്‍ എന്‍റെ തോന്നലാവാം .
ഞങ്ങളുുടെ  തോന്നലിന് 
വിലക്കുകളോ തടസ്സങ്ങളോ
ഒന്നും തന്നെ
ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല.
അവളുടെ ദേഹം ചൂടു പിടിക്കുന്നതയി 
എനിക്കനുഭവപ്പെട്ടു .
അതോ ചൂടു പിടിക്കുന്നത് 
എന്‍റെ ശരീരമാണോ ?
ശ്വാസോച്ഛാസ 
ഗതിയുടെ വേഗം വര്‍ദ്ധിക്കുന്നു .
ആര്‍ത്തിരമ്പി വരുന്ന ഒരു 
തിരമാല ഞങ്ങളെ വന്നു 
മൂടുന്നതു പോലെ ,
ആടിയുലഞ്ഞതില്‍ 
അലിഞ്ഞു ചേരുന്നതിനു
മുന്‍പ്ആര്‍ത്തലച്ചു വന്ന 
ആ കടലില്‍ നിന്ന് 
ഞങ്ങള്‍, കരകയറി.
സ്ഥലകാല ബോധത്തിലേക്ക് 
ഞങ്ങള്‍ തിരിച്ചെത്തി .

ആ മുഖം കൈകളില്‍ 
കോരിയെടുത്ത് 
ഒരല്പമുയര്‍ത്തി ഞാനാ 
നെറുകയില്‍ ജീവിതം ചേര്‍ത്തു 
വെച്ചൊരുമ്മ നല്‍കി.
അവളത് ജീവിതം കൊണ്ടേറ്റു 
വാങ്ങുന്നത് ഞാനും അനുഭവിച്ചു .
അവളുടെ കൈകള്‍ പതുക്കെ 
അയഞ്ഞു,
മുഖം കുനിഞ്ഞു .
ഞാന്‍ പുറത്തിറങ്ങി .
പിന്നില്‍ വാതിലടഞ്ഞു .

ഒരു വിവരുമില്ലാതെ ആഴ്ച ഒന്നു 
കടന്നു പോയി .
അടുത്ത ദിവസം അവളുടെ
ഒരു വാട്ടസ് ആപ്പ് ടെക്സ്റ്റ് മെസേജ് .
''ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു 
എന്‍റെ ശരീരം എന്‍റേതു 
മാത്രമാക്കുന്നു 
എല്ലാ പരിചയങ്ങളും 
അവസാനിപ്പിക്കുന്നു 
ഈ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നു .
എന്‍റെ ഫോണ്‍ പുതിയ 
നമ്പറിലേക്ക് മാറ്റുന്നു 
ഇനിയൊരിക്കലും
കണ്ടുമുട്ടാനിടവരുതേ 
എന്നാഗ്രഹിച്ചു കൊണ്ട് .

സ്മിത ''

എന്‍റെ ഫോണ്‍ നമ്പര്‍ ഞാന്‍ 
മാറ്റിയില്ല .
അവളുടെ കൈയ്യില്‍ 
എന്‍റെ നമ്പറുണ്ട് .
ഒരു ഫോണ്‍ കോള്‍ 
ഒരു വാട്ടസ്ആപ്പ് മെസേജ് 
എന്നെങ്കിലും വന്നേക്കാമെന്നു
കരുതി ഞാനും കാത്തിരിക്കുന്നു ,
വെറുതേ …

ഗോപിനാഥ് കെ .

No comments:

Post a Comment