Tuesday, 8 August 2023

നനവ്



മഴ നനഞ്ഞു കുതിരുന്ന 
ചെമ്പരത്തിക്കാടിന്‍റെ 
ഉള്ളില്‍  ആരും കാണാത്തൊരു
ചെമ്പരത്തിപ്പൂവുണ്ട് ,
ചുവന്നു തുടുത്ത് .

അതിനൊന്നു നനയാന്‍
വല്ലാത്തൊരു മോഹം ,
പൂത്തു ചിതറുന്നു,
മഴച്ചില്ലുകള്‍ പോലെ .

മഴത്തുള്ളികള്‍ ,
ഇലകളില്‍ 
തട്ടിത്തെറിച്ചൊന്നില്‍ 
നിന്ന് താഴെ മറ്റൊന്നിലേക്ക് 
പിന്നേയും മറ്റൊന്നിലേക്കങ്ങനെ 
പൂവിനെ പൊതിയുന്ന
ഇലകളില്‍ വീണ് ,
പൂവിനെ നനക്കാതെ 
താഴെ മണ്ണില്‍ വീണൊഴുകുന്നു.

ചാലുകള്‍ തീര്‍ത്ത് ,
തോടുകളായി,
പുഴയിലേക്കൊഴുകിയകലുന്ന
മഴത്തുള്ളികള്‍ നോക്കി,
ഇലകളില്ലാത്തൊരു 
കൊമ്പില്‍ പൂത്ത് ,
ചരല്‍ക്കല്ലുകളായ് 
പതിക്കുന്ന മഴത്തുള്ളികള്‍ 
ഇതളുകളില്‍ ഏറ്റുവാങ്ങി 
ഒന്നു നനയാന്‍ കൊതിച്ച് 
ചെമ്പരത്തിപ്പൂവ് ഇനിയുമൊരു 
മഴയ്ക്കായ് കാത്തിരുന്നു .

ഗോപിനാഥ് കെ 

No comments:

Post a Comment